2010, ഡിസംബർ 21, ചൊവ്വാഴ്ച

മുല്ലവള്ളി

പാതി തകര്‍ന്ന നാലുകെട്ടിന്റെ വാതിലയാള്‍
തള്ളിത്തുറന്നപ്പോള്‍,
അത് വേദനകൊണ്ട് കരഞ്ഞു.
അവിടെ അയാള്‍ തിരഞ്ഞത് 
ഉടഞ്ഞ മരപ്പാവയുടെ തലയോ
പിന്നിയ കുപ്പായത്തിന്റെ കുടുക്കോ 
ആയിരുന്നില്ല.
വിലപിടിപ്പുള്ള മറ്റെന്തോ ആയിരുന്നു.
പൊട്ടിയ ശര്‍ക്കര ഭരണിയില്‍
കയ്യിട്ടപ്പോള്‍ 
പിന്നില്‍ ന്നിന്നാരോ വിളിച്ചു.
തിരിഞ്ഞു നോക്കിയപ്പോള്‍ കണ്ടത് 
അടുക്കളയുടെ ചുവരില്‍ 
പറ്റിപ്പിടിച്ചു വളര്‍ന്ന മുല്ലവള്ളി 
കയ്യോങ്ങി നില്‍ക്കുന്നതായിരുന്നു.

2010, ഡിസംബർ 13, തിങ്കളാഴ്‌ച

ജൈവവൈവിധ്യം


മുറ്റത്ത്‌ നിന്നൊരു അണ്ണാന്‍ കുഞ്ഞ്
എന്നെ ചിലച്ചു വിളിച്ചു.
പക്ഷേ,
നെറ്റില്  ജൈവവൈവിധ്യം തിരയുകയായിരുന്ന
എനിക്ക് അത് കേള്‍ക്കാന്‍ കഴിഞ്ഞില്ല.

2010, നവംബർ 16, ചൊവ്വാഴ്ച

കണ്ണാടി


കണ്ണാടിയെ ഇതുവരെ 
ആരും കണ്ടിട്ടില്ല.
അവളുടെ മനസ്സ്
അവള്‍ പോലും കണ്ടില്ല.
എല്ലാവരുടേയും വേഷങ്ങള്‍
അവള്‍ അഭിനയിച്ചു തകര്‍ത്തു.
അവരെന്താണെന്ന്
അവള്‍ കാണിച്ചുകൊടുത്തു.
പക്ഷേ
അവളിതുവരെ
സ്വന്തം വേഷം കെട്ടിയിട്ടില്ല.
തന്നെ കാണാന്‍
കണ്ണാടി, കണ്ണാടി നോക്കി.
കണ്ടത് അനന്തതയായിരുന്നു.
 

2010, ഒക്‌ടോബർ 21, വ്യാഴാഴ്‌ച

ബ്ലഡ്ടെസ്റ്റ്‌

മഴ കൊടുത്ത പാരസെറ്റമോള്‍
ഫലിക്കാത്തതുകൊണ്ടാണ്
ഭൂമിയെ ഹോസ്പിറ്റലില്‍ കൊണ്ടുപോയത്.
ബ്ലഡ് ടെസ്റ്റ്‌ ചെയ്യാന്‍
സൂചി കൊണ്ട് കുത്തിയപ്പോള്‍
ഡോക്ടര്‍ക്കത് മനസ്സിലായി
കുത്തിയെടുക്കാന്‍ ഇനി
ചോരയൊന്നും ബാക്കിയില്ല !

2010, ഒക്‌ടോബർ 7, വ്യാഴാഴ്‌ച

മേഘം

മേഘത്തിന്റെ
കരി പുരണ്ട മുഖമാണ്
നമുക്കിഷ്ടം.
അവളുടെ സാരിത്തലപ്പ്
കരിന്പനടിച്ചു കാണുന്നതാണ്
സന്തോഷം.
അവളുടെ ചിരിയേക്കാളേറെ
നമ്മള്‍ കൊതിക്കുന്നത്
കണ്ണീരിനെയാണ്.
ആര്‍ക്കോവേണ്ടി പെയ്തു
അവള്‍ അലിഞ്ഞുകൊണ്ടിരുന്നു.

2010, ജൂലൈ 24, ശനിയാഴ്‌ച

ഗൂഗിള്‍ സെര്‍ച്ച്‌

ടെക്സ്റ്റ്‌ ബോക്സില്‍ 'ഭാവന' എന്ന് ടൈപ്പ് ചെയ്ത്
സെര്‍ച്ച്‌ ബട്ടന്‍ അമര്‍ത്തി.
കഷ്ടം !
റിസല്ടുകളെല്ലാം
ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ആയിരുന്നു.  

2010, ജൂൺ 20, ഞായറാഴ്‌ച

ഫാക്ടറി


അതൊരു വലിയ ഫാക്ടറി ആയിരുന്നു
അസംസ്കൃത വസ്തുക്കള്‍ വരിയായി വന്നു നിന്നു
പിന്നാലെ വന്ന യന്ത്രം
അവയെ ചതച്ചു പിഴിഞ്ഞ്
ഡോക്ടര്‍മാരെയും എന്ജിനീയെര്‍മാരെയും
ഉണ്ടാക്കിക്കൊണ്ടിരുന്നു

സ്വപ്നങ്ങള്‍ക്കൊരു ശവകുടീരം

എനിക്കും ചില സ്വപ്ങ്ങളുണ്ടായിരുന്നു.
ചിലത്
കാലത്തിന്റെ മഴവെള്ളപ്പാച്ചിലില്‍
ഒലിച്ചു പോയി
മറ്റു ചിലത്
പ്രാരാബ്ധത്തിന്റെകൊടുമുടിയില്‍ നിന്ന് വീണ്‌
ഉടഞ്ഞു പോയി
ബാക്കി വന്നത്
ഉത്തരവാടിത്വത്തിന്റെ ചുഴലിയില്‍
പറന്നു പോയി
പിന്നെയും അവശേഷിച്ചത്
തിരക്കിന്റെ പേമാരിയില്‍
അലിഞ്ഞു പോയി
ഞാന്‍ എന്റെ സ്വപ്നങ്ങള്‍ക്കൊരു ശവകുടീരം പണിതു
മനസ്സിന്റെ ഇടനാഴിയില്‍





വിടരും മുമ്പേ


കാറ്റിന്റെ ഒക്കത്തിരുന്നു തുള്ളുന്നതിനിടയില്‍
ഒന്നും പറയാതെ കൊഴിഞ്ഞു വീണു തളിരിലകള്‍
കൂടെ കൊഴിഞ്ഞു പോയത്
പച്ചപ്പ്‌ മാറാത്ത സ്വപ്നങ്ങളും
ഉണങ്ങാത്ത പുഞ്ചിരിയും
പിന്നില്‍ നിന്നുയര്‍ന്ന
കണ്ണീരും തേങ്ങലും വാത്സല്യവും
കേള്‍ക്കാതെ അവ കൊഴിഞ്ഞപ്പോള്‍
അവശേഷിച്ചത്
ഞെട്ടിന്റെ മുറിവും വേദനയും മാത്രം

കറുത്ത വെളിച്ചം


ചിമ്മിനി കെട്ടപ്പോള്‍ മുറിയില്‍ വെളിച്ചം പരന്നു
കറുത്ത വെളിച്ചം..
!
കറുത്ത വെളിച്ചത്തില്‍ കറുത്തതെല്ലാം
തെളിഞ്ഞു കണ്ടു

രക്തമൂറ്റിക്കുടിക്കുന്ന രക്ഷസ്സിന്റെയും
കവര്‍ന്നെടുക്കുന്ന കള്ളന്റെയും
വിഹാരം ഈ വെളിച്ചത്തിലല്ലേ

ഒന്നുമറിയാത്ത കുഞ്ഞുഭൂമിയെ
പ്രപഞ്ചത്തിന്റെ നടുക്ക് പിടിച്ചിരുത്തിയവരുടെ മനസ്സിലും
ഈ കറുത്ത വെളിച്ചം തന്നെ

കുഴലും പിടിച്ചു വാനം നോക്കികളിച്ച
ഒരു പാവം വയസ്സന്റെ കണ്ണില്‍
ഈ വെളിച്ചം ഉണ്ടായിരുന്നില്ല
അതുകൊണ്ടാവാം
ഇരുട്ടത്തുനിന്നുകൊണ്ട്‌ ആരോ അങ്ങേരെ 'അന്ധനെന്ന്' വിളിച്ചു